തൊഴിലിടങ്ങളെ ടെന്‍ഷന്‍ഫ്രീയാക്കാന്‍
വിഷമസന്ധികളില്‍ അകപ്പെടുമ്പോള്‍ നാം പോലുമറിയാതെ നമ്മുടെ മനസ്സില്‍ പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ലാത്ത ചില ദുഷ്ചിന്താശകലങ്ങള്‍ തലപൊക്കിയേക്കാം. "ഇതോടെ എല്ലാം തീര്‍ന്നു!", "എനിക്കു മാത്രമെന്തേ എപ്പോഴും ഇങ്ങനെ?" എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം ചിന്തകള്‍ നമ്മുടെ ഉത്ക്കണ്ഠ വര്‍ദ്ധിക്കാനും അതുവഴി ആ സാഹചര്യത്തെ മറികടക്കാനുള്ള നമ്മുടെ കഴിവു ദുര്‍ബലമാകാനും ഇടയാക്കിയേക്കാം. നമ്മുടെ മനസ്സില്‍ രൂഡമൂലമായിക്കഴിഞ്ഞ ചില അബദ്ധധാരണകളും നമുക്ക് നിരന്തരം മാനസികസംഘര്‍ഷമുളവാകുന്നതിനു വഴിവെക്കാം. "ചെയ്യുന്ന ഒരു കാര്യത്തിലും ഞാന്‍ പരാജയപ്പെടരുത്", "എന്നെ ഒരിക്കലും ക്ഷീണമോ രോഗങ്ങളോ ബാധിക്കരുത്" തുടങ്ങിയ ചിന്താഗതികളെ ഇക്കൂട്ടത്തില്‍പ്പെടുത്താം. അതിരുകവിഞ്ഞ നിരാശയോ ഉത്ക്കണ്ഠയോ ദേഷ്യമോ അനുഭവപ്പെടുമ്പോഴൊക്കെ അതിനു മുന്നോടിയായി എന്തൊക്കെ ചിന്തകളാണു കടന്നുപോയത് എന്നു പരിശോധിക്കുകയും, മനസ്സു ശാന്തമായ ശേഷം ആ ചിന്തകള്‍ എത്രത്തോളം അര്‍ത്ഥവത്താണ് എന്നു വിശകലനം നടത്തുകയും, എന്നിട്ട് അവയ്ക്കു പകരം വെക്കാവുന്ന കുറച്ചു മറുചിന്തകള്‍ ആലോചിച്ചുവെക്കുകയും ചെയ്യാവുന്നതാണ്. പിന്നീടൊരിക്കല്‍ അതേ പോലൊരു സാഹചര്യം ആവര്‍ത്തിക്കുമ്പോള്‍ നേരത്തേ ആലോചിച്ചു വെച്ച മറുചിന്തകള്‍ സ്വയം ഓര്‍മിപ്പിക്കുന്നത് ആ സമയത്ത് നിരാശ, കോപം തുടങ്ങിയ വികാരങ്ങള്‍ ആവിര്‍ഭവിക്കുന്നതിനെ പ്രതിരോധിക്കാന്‍ സഹായിക്കും.
കോപത്തെ വരുതിയില്‍ നിര്‍ത്താനും, ലഭ്യമായ സമയത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനും, ചെയ്തുതീര്‍ക്കാനുള്ള ലക്ഷ്യങ്ങളെ ഉചിതമാംവണ്ണം നിര്‍ണയിക്കാനും, ആളുകളെ പിണക്കാതെ “എനിക്കു പറ്റില്ല” എന്നു പറയാനും, പ്രശ്നങ്ങളെ വിശകലനം ചെയ്യാനും, അവയ്ക്ക് ഏറ്റവും പ്രായോഗികമായ പരിഹാരങ്ങള്‍ കണ്ടെത്താനുമൊക്കെയുള്ള ശാസ്ത്രീയമായി ഫലപ്രാപ്തി തെളിയിക്കപ്പെട്ട മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കുന്നതും, റിലാക്സേഷന്‍ വ്യായാമങ്ങള്‍, യോഗ തുടങ്ങിയ മാനസികപിരിമുറുക്കം ലഘൂകരിക്കാന്‍ സഹായിക്കുന്ന വിദ്യകള്‍ പരിശീലിക്കുന്നതുമൊക്കെ ടെന്‍ഷന്‍റെ ആവിര്‍ഭാവത്തെ തടയാനും അതിന്‍റെ കാഠിന്യം മയപ്പെടുത്താനും സഹായകരമാകാറുണ്ട്.
ഒരാള്‍ സമ്മര്‍ദ്ദജനകമെന്നു വിശ്വസിക്കുന്ന അതേ സാഹചര്യത്തെ മറ്റൊരാള്‍ ഒരു വെല്ലുവിളിയായോ തന്‍റെ കഴിവു തെളിയിക്കാനുള്ള ഒരു നല്ല അവസരമായോ ഉള്‍ക്കൊണ്ടേക്കാം. ഒരു സാഹചര്യം എന്തുമാത്രം അപകടകരമാണ്, അതിനെ തരണം ചെയ്യാനുള്ള കഴിവുകള്‍ തനിക്ക് എത്രത്തോളമുണ്ട് എന്നീ വിഷയങ്ങളില്‍ ഒരാള്‍ നടത്തുന്ന വിലയിരുത്തലുകള്‍ ആ സാഹചര്യം അയാള്‍ക്കു ടെന്‍ഷനുണ്ടാക്കുമോ ഇല്ലയോ എന്നു നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. വിഷമസന്ധികളെ നേരിടുന്നതില്‍ ഒരാള്‍ക്കുള്ള മുന്നനുഭവങ്ങളും അയാളുടെ പ്രതികരണത്തിന്‍റെ സ്വഭാവങ്ങളെ സ്വാധീനിക്കുന്നുണ്ട്. അങ്ങിനെ നോക്കുമ്പോള്‍ വിഷമസന്ധികളെ വിലയിരുത്തുക, എങ്ങിനെ പ്രതികരിക്കണമെന്നു തീരുമാനിക്കുക, ഉചിതമെന്നു തോന്നുന്ന നടപടികള്‍ സ്വീകരിക്കുക, കുറഞ്ഞ തോതിലോ കൂടിയ അളവിലോ മാനസികസമ്മര്‍ദ്ദം അനുഭവിക്കുക എന്നിവയൊക്കെ ഒരു തുടര്‍പ്രക്രിയയുടെ ഭാഗങ്ങളാണ്. അതുകൊണ്ടുതന്നെ പ്രശ്നസാഹചര്യങ്ങളെ വിലയിരുത്തുന്നതിലും അവയോടു പ്രതികരിക്കുന്നതിലും വരുന്ന പാളിച്ചകളെ തിരിച്ചറിഞ്ഞും പരിഹരിച്ചും അത്തരം സാഹചര്യങ്ങളെ കൂടുതല്‍ ഫലപ്രദമായി അതിജീവിക്കാനുള്ള കഴിവു നേടാവുന്നതാണ്.
കടപ്പാട് : ഡോ. ഷാഹുല്‍ അമീന്‍

Comments
Post a Comment