എന്താണ് മനഃശാസ്ത്രം ?


മനുഷ്യന്റെ മനസ്‌, മസ്തിഷ്ക്കം, പെരുമാറ്റം എന്നിവ പ്രതിപാദിക്കുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ഒരു വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ മനഃശാസ്ത്രം വെളിച്ചം വീശുന്നു.

മനുഷ്യ പ്രകൃതിയേയും പെരുമാറ്റങ്ങളേയും വിശദീകരിക്കുന്നതിൽ സൂക്ഷ്മമായ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതിൽ മനഃശാസ്ത്രം ഇതരശാസ്ത്രങ്ങളായ സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയേക്കാളേറെ വളരെ മുന്നിലാണ്‌. ഏതൊരു ശാസ്ത്രശാഖയേയും പോലെ മനഃശാസ്ത്രത്തിനും ഇതര വിജ്ഞാന മേഖലകളുമായി കൈകോർ‌‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും വസ്തുതയാണ്‌. ഉദാഹരണത്തിന്‌ മനഃശാസ്ത്രം നാഡീശാസ്ത്രത്തിൽ നിന്നും ഏറെ ഭിന്നമാണ്‌. നാഡീശാസ്ത്രമാകട്ടെ മാനസിക-മസ്തിഷ്ക്കപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്‌ താനും. അതുകൊണ്ടുതന്നെ ഈ രണ്ട്‌ ശാസ്ത്രശാഖകളേയും സമന്വയിപ്പിച്ച്‌ കൊണ്ട്‌ രൂപപ്പെട്ടതാണ്‌ ന്യൂറോസൈക്കോളജി. ഇത്‌ നാഡീപ്രവർത്തനങ്ങളെയും അതിൽ മനസ്സിനുള്ള സ്വാധീനത്തെയും കുറിച്ച്‌ പ്രതിപാദിക്കുന്നു. പ്രാചീന ഗ്രീക്ക്‌ ഭാഷയിലെ "ആത്മാവ്‌" (soul) എന്നർത്ഥമുള്ള "സൈക്ക്‌"(psyche), "പഠനം" എന്നർത്ഥമുള്ള "ഓളജി"(ology) എന്നീ വാക്കുകളിൽ നിന്നാണ്‌ സൈക്കോളജി(മനഃശാസ്ത്രം) എന്ന പദമുണ്ടായത്‌.

സൈക്കോളജി എന്ന പദത്തിന്‌ നാം കടപ്പെടിരിക്കുന്നത്‌ റുഡോൾഫ്‌ ഗോക്ലീനിയസ്‌ എന്ന ജർമ്മൻ തത്ത്വചിന്തകനോടാണ്‌. സൈക്കോളജി എന്ന പദത്തിന്റെ മൂലം ആത്മാവ്‌ എന്നർത്ഥം വരുന്ന സൈക്‌(psyche) എന്ന ഗ്രീക്ക്‌ വാക്കിൽ നിന്നാണ്‌. അന്ന് മനശാസ്ത്രം അറിയപ്പെട്ടിരുന്നത്‌ മതത്തിലെ സാങ്കേതികപദമായ ആത്മാവിനെ കുറിച്ചുള്ള പഠനമായിട്ടാണ്‌. മസ്തിഷ്ക്കപ്രവർത്തനത്തെ കുറിക്കുന്നത്‌ എന്നയർത്ഥത്തിൽ സൈക്കോളജിയെ നിർവചിക്കുന്നത്‌ തോമസ്‌ വില്ലിസിന്റെ പരാമർശങ്ങളിൽ കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ മനശാസ്ത്രത്തെ ഫിലോസഫിയുടെ ഉപശാഖയായിട്ടാണ്‌ കണക്കാക്കിയിരുന്നത്‌. 1879ൽ വിൽഹെം വൂണ്ഡ് (Wilhelm Wundt)ജർമ്മനിയിലെ ലീപ്സിഗ്‌ യൂണിവേഴ്സിറ്റിയിൽ മനശാസ്ത്രപഠനങ്ങൾക്കായി ഒരു പരീക്ഷണശാല ആരംഭിച്ചു. പിന്നീട്‌ വില്ല്യം ജയിംസ്‌ 1890കളിൽ മനശാസ്ത്രത്തിന്റെ തത്ത്വങ്ങൾ (Principles of Psychology) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അന്നുവരെ മനശാസ്ത്രജ്ഞർ അന്വേഷിച്ചിരുന്ന പല സമസ്യകൾക്കും ഒരു പരിഹാരം കൂടിയായിരുന്നു ആ ഗ്രന്ഥം. മനശാസ്ത്രത്തിലേക്ക്‌ ആദ്യകാല സംഭാവനകൾ നൽകിയവരിൽ ഇവാൻ പാവ്‌ലോവ്‌, ഹെർമൻ എബ്ബിംഗസ്‌ എന്നിവർ ഉൾപ്പെടുന്നു

Comments

Popular posts from this blog

അന്തർമുഖത, ബഹിര്മുഖത

സിഗ്മണ്ട് ഫ്രോയിഡ്