ദി ഇന്റർപ്രറ്റേഷൻ ഓഫ് ഡ്രീംസ്

മനോവിശ്ലേഷകൻ സിഗ്മണ്ട് ഫ്രോയിഡ് എഴുതിയ വിഖ്യാതഗ്രന്ഥമാണ് ദി ഇന്റർപ്രറ്റേഷൻ ഓഫ് ഡ്രീംസ്അഥവാ "സ്വപ്നങ്ങളുടെ വ്യാഖ്യാനം" (German: Die Traumdeutung). സ്വപ്നങ്ങളുടെ വ്യാഖ്യാനത്തെ ആശ്രയിച്ച് ഫ്രോയിഡ് അബോധമനസ്സിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം അവതരിപ്പിച്ചത് ഈ കൃതിയിലാണ്. പിന്നീട് ഈഡിപ്പസ് കോം‌പ്ലെക്സ് എന്നറിയപ്പെട്ട ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടതും ഇതിൽ തന്നെ. പുസ്തകം എട്ടു പ്രാവശ്യമെങ്കിലും പരിഷ്കരിച്ചെഴുതിയ ഫോയിഡ്, മൂന്നാമത്തെ പതിപ്പിൽ, വിൽഹെം സ്റ്റെക്കലിന്റെ സ്വാധീനത്തിൽ, സ്വപ്നപ്രതീകങ്ങളെ അക്ഷരാർത്ഥത്തിലെടുക്കുന്ന ഒരു ഖണ്ഡം കൂട്ടിച്ചേർക്കുകയും ചെയ്തു. "ഇമ്മാതിരി ഉൾക്കാഴ്ചകൾക്കുള്ള ഭാഗ്യം ഒരുവന് ആയുസ്സിലൊരിക്കൽ മാത്രം കിട്ടുന്നതാണ്" എന്നായിരുന്നു സ്വന്തം കൃതിയെക്കുറിച്ചുള്ള ഫ്രോയിഡിന്റെ തന്നെ നിരീക്ഷണം.
കൃതിയുടെ ജർമ്മൻ ഭാഷയിൽ ആദ്യപതിപ്പ് 1899-ൽ പുറത്തിറങ്ങി. ഫ്രോയിഡൻ സ്വപ്നാപഗ്രഥനം എന്നൊരു പുതിയ മനശാസ്ത്ര സമീപനരീതിക്ക് ഈ ഗ്രന്ഥം തുടക്കം കുറിച്ചു. അബോധ മനസ്സിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുള്ള രാജപാത എന്നാണ്‌ ഫ്രോയിഡ് ഇതിനെക്കുറിച്ച് വിവരിക്കുന്നത്.
തുടക്കത്തിൽ പുസ്തകത്തിനു ലഭിച്ച സ്വീകരണം ഉദാസീനമായിരുന്നു. ആദ്യപതിപ്പിലെ 600 പ്രതികൾ വിറ്റുതീരാൻ വർഷങ്ങൾ വേണ്ടി വന്നു. പുസ്തകം സുദീർഘവും അതിസങ്കീർണ്ണവും ആയതിനാൽ, "സ്വപ്നങ്ങളെക്കുറിച്ച്" എന്ന പേരിൽ അതിന്റെ ഒരു സംഗ്രഹം ഫ്രോയിഡ് തന്നെ നിർവഹിച്ചിട്ടുണ്ട്.

പശ്ചാത്തലം

1895-ൽ, ഓസ്ട്രിയയിൽഗ്രിൻസിങ്ങിനടുത്തുള്ളബെല്ലേ വൂ എന്ന ഗ്രാമീണവസതിൽ ഫ്രോയിഡ് വേനൽക്കാലം ചെലവഴിച്ചു. അവിടെയാണ് അദ്ദേഹം 'സ്വപ്നവ്യാഖ്യാനം' എഴുതിത്തുടങ്ങിയത്. 1900-മാണ്ടിൽ വിൽഹെം ഫീസിനയച്ച ഒരു കത്തിൽ ആ സ്ഥലത്തെ കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി:-
"എന്നെങ്കിലുമൊരിക്കൽ, ഈ വാക്കുകൾ ആലേഖനം ചെയ്ത ഒരുമാർബിൾ ഫലകം ആ വീടിന്മേൽ പതിച്ചു വയ്ക്കുമെന്നു നിങ്ങൾ കരുതുന്നോ: 'ഈ വീട്ടിൽ 1895 ജൂലൈ മാസം 24-ആം തിയതി, ഡോക്ടർസിഗ്മണ്ട് ഫ്രോയിഡിന് സ്വപ്നങ്ങളുടെ രഹസ്യം വെളിപ്പെട്ടുകിട്ടി.'തൽക്കാലം അതിനുള്ള സാധ്യതയൊന്നും എനിക്കു കാണാന കഴിയുന്നില്ല."
1963-ൽ ബെല്ലേ വൂ വസതി പൊളിച്ചു കളഞ്ഞു. എങ്കിലും വീടിരുന്ന സ്ഥാനത്ത് ഇന്ന്, അതേ വാക്കുകൾ ആലേഖനം ചെയ്ത ഒരു ഫലകം കാണാനാകും. ഓസ്ട്രിയയിലെ ഫ്രോയിഡിയൻ സമൂഹമാണ് അതു സ്ഥാപിച്ചത്.

വിഹഗവീക്ഷണം

സ്വപ്നങ്ങളെ ഫ്രോയിഡ് "ഇച്ഛാപൂരണത്തിന്റെ പല മാർഗങ്ങളിലൊന്നായി " ചിത്രീകരിച്ചു — അടുത്ത കാലത്തേതോ, മനസ്സിന്റെ ഏതോ കോണിൽ അമർത്തിവച്ചിരുന്ന പഴയകാലത്തിന്റെ ബാക്കിയോ ആയ എതെങ്കിലും തരത്തിലുള്ള സംഘർഷം പരിഹരിക്കാനുള്ള അബോധമനസ്സിന്റെ ശ്രമമാണവ; എങ്കിലും അബോധമനസ്സിലെ വിവരങ്ങൾ ക്രമമില്ലാതെ ക്ഷോഭജനകമാം വിധം കാണപ്പെടുന്നതിനാൽ, അപബോധമനസ്സിലെ(Preconscious) 'ഗുണദോഷവിചാരകൻ'(censor) അതിനെ അതേരൂപത്തിൽ ബോധമനസ്സിലേക്കു കടക്കാൻ അനുവദിക്കുന്നില്ല.
സ്വപ്നാവസ്ഥയിൽ അപബോധമനസ്സ്, നിഷ്ക്രിയമല്ലെങ്കിലും, ജാഗ്രദവസ്ഥയുമായുള്ള താരതമ്യത്തിൽ അലംഭാവത്തിലാണ്. അബോധമനസ്സിന് അതിലെ വിവരങ്ങളെ വികൃതമാക്കിയും, വക്രീകരിച്ചും മാത്രമേ ഉപബോധത്തിലെ ഗുണദോഷവിചാരകനെ കടത്തി വിടാനാവുകയുള്ളു. അതിനാൽ, സ്വപ്നത്തിലെ ബിംബങ്ങളുടെ യഥാർത്ഥ്യം മിക്കവാറും അവയുടെ പ്രത്യക്ഷങ്ങളിൽ നിന്നു ഭിന്നമായിരിക്കുമെന്നും, ആഴമായ വ്യാഖ്യാനത്തിനൊടുവിൽ മാത്രമേ അവ അബോധമനസ്സിന്റെ ഘടന കാട്ടിത്തരുന്നുള്ളെന്നും ഫ്രോയിഡ് കരുതി.
(പിന്നീട് "സുഖതത്ത്വത്തിനപ്പുറം" (Beyond Pleasure Principle) എന്ന കൃതിയിൽ ഫ്രോയിഡ്, ഇച്ഛാപൂരണമായി കണക്കാക്കാനാവാത്ത സ്വപ്നങ്ങളെക്കുറിച്ചും എഴുതി).

Comments

  1. എനിക്കു കൂടുതൽ ആയി പഠിക്കാൻ മനസ്സിൽ ആക്കാൻ ആഗ്രഹം ഉണ്ട് അങ്ങയുടെ contact വല്ലതും കിട്ടാൻ വഴിയുണ്ടോ saluksalman786@gmail.com

    ReplyDelete

Post a Comment

Popular posts from this blog

എന്താണ് മനഃശാസ്ത്രം ?

അന്തർമുഖത, ബഹിര്മുഖത

സിഗ്മണ്ട് ഫ്രോയിഡ്