ദി ഇന്റർപ്രറ്റേഷൻ ഓഫ് ഡ്രീംസ്
മനോവിശ്ലേഷകൻ സിഗ്മണ്ട് ഫ്രോയിഡ് എഴുതിയ വിഖ്യാതഗ്രന്ഥമാണ് ദി ഇന്റർപ്രറ്റേഷൻ ഓഫ് ഡ്രീംസ് അഥവാ "സ്വപ്നങ്ങളുടെ വ്യാഖ്യാനം" (German: Die Traumdeutung ). സ്വപ്നങ്ങളുടെ വ്യാഖ്യാനത്തെ ആശ്രയിച്ച് ഫ്രോയിഡ് അബോധമനസ്സിനെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം അവതരിപ്പിച്ചത് ഈ കൃതിയിലാണ്. പിന്നീട് ഈഡിപ്പസ് കോംപ്ലെക്സ് എന്നറിയപ്പെട്ട ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടതും ഇതിൽ തന്നെ. പുസ്തകം എട്ടു പ്രാവശ്യമെങ്കിലും പരിഷ്കരിച്ചെഴുതിയ ഫോയിഡ്, മൂന്നാമത്തെ പതിപ്പിൽ, വിൽഹെം സ്റ്റെക്കലിന്റെ സ്വാധീനത്തിൽ, സ്വപ്നപ്രതീകങ്ങളെ അക്ഷരാർത്ഥത്തിലെടുക്കുന്ന ഒരു ഖണ്ഡം കൂട്ടിച്ചേർക്കുകയും ചെയ്തു. "ഇമ്മാതിരി ഉൾക്കാഴ്ചകൾക്കുള്ള ഭാഗ്യം ഒരുവന് ആയുസ്സിലൊരിക്കൽ മാത്രം കിട്ടുന്നതാണ്" എന്നായിരുന്നു സ്വന്തം കൃതിയെക്കുറിച്ചുള്ള ഫ്രോയിഡിന്റെ തന്നെ നിരീക്ഷണം. കൃതിയുടെ ജർമ്മൻ ഭാഷയിൽ ആദ്യപതിപ്പ് 1899-ൽ പുറത്തിറങ്ങി. ഫ്രോയിഡൻ സ്വപ്നാപഗ്രഥനം എന്നൊരു പുതിയ മനശാസ്ത്ര സമീപനരീതിക്ക് ഈ ഗ്രന്ഥം തുടക്കം കുറിച്ചു. അബോധ മനസ്സിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുള്ള രാജപാത എന്നാണ് ഫ്രോയിഡ് ഇതിനെക്കുറി...